വിചാര വിമര്‍ശനങ്ങള്‍
Friday, December 24, 2010
@അനുപമ, ഒരു കവിതയെ കുറിച്ചും വിധി പ്രസ്തവിക്കാന്‍ എനിക്ക് താല്‍പ്പര്യം ഇല്ല.ഇതു നല്ലത് ഇത് മോശം തുടങ്ങിയ വിധിവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത് നന്നല്ല എന്ന അഭിപ്രായം എനിക്കുണ്ട്.പി.രാമന്റെ കവിതയെ കുറിച്ചുള്ള അനുപമയുടെ നിരീക്ഷണത്തോട് യോജിക്കുന്നു.ഒപ്പം പൊട്ടക്കവിത എന്ന പ്രയോഗത്തോട് വിയോജിക്കുകയും ചെയ്യുന്നു.
Thursday, November 11, 2010
ഫ്യൂഡല്‍ മനോഭാവം കെ ജി ശങ്കരപ്പിള്ളയുടെ കവിതയില്‍
നിലത്ത് ചിതറിയിരുന്നു
നുറുങ്ങിയ വെറ്റില അടയ്ക്ക...
കേരളീയതയുടെ ചിഹ്‌നങ്ങള്‍
പാതിപോലും മുറുകാതെ
മുഴുചുവപ്പോ
മുഴുക്കാവിയോ ആകാതെ(മറ്റവന്‍)
കാവിയും ചുവപ്പും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ മൂല്യങ്ങള്‍ ഇടകലര്‍ന്ന് രൂപപ്പെടുന്ന മൂല്യസമുച്ചയമായ ഫ്യൂഡല്‍ മാനവികത തന്നെയാണ് ആധുനിക മലയാള കവിതയിലെ വേറിട്ട ശബ്ദമായി കൊണ്ടാടപ്പെടുന്ന കെ ജി എസ് കവിതകളുടേയും ആശയപരിസരം. ഒ എന്‍ വി സ്കൂള്‍ പ്രതിനിധാനം ചെയ്യുന്ന ഭാവഗീതാത്മകവും കാല്‍പ്പനികവുമായ കാവ്യരീതിയില്‍ നിന്നും വ്യതിരിക്തമായി നിലകൊള്ളുന്നു എന്ന പ്രതീതി ജനിപ്പിക്കുവാന്‍ കെ ജി എസിന് കഴിഞ്ഞിട്ടുണ്ട്. പദ്യരീതിയെക്കാള്‍ ഗദ്യരീതിക്ക് പ്രാധാന്യം നല്‍കുകയും വൃത്തവിമുക്തമായ താളവും ഈണവും ചേര്‍ത്തുവച്ചും രൂപപ്പെടുത്തുന്ന ഭാഷണാത്മകമായ കവിതകളാണ് കെ ജി എസിന്റേത്. പക്ഷേ രൂപപരമായ ഈ പരീക്ഷണാത്മകതയെ പിന്നോട്ടടിപ്പിച്ചുകൊണ്ട് ഫ്യൂഡല്‍ മാനവികത അദ്ദേഹത്തിന്റെ കവിതയുടെ ഉള്ളടക്കത്തെ നിര്‍ണ്ണയിക്കുന്നു. വര്‍ത്തമാന ജീവിതത്തോട് കവി പ്രതികരിക്കുന്നത് ഭൂതകാലത്തോടുള്ള ഗൃഹാതുരമായ ആഭിമുഖ്യം ഉള്ളില്‍ സൂക്ഷിച്ചുകൊണ്ടാണ്. ഈ ഗൃഹാതുരമായ കാല്‍പ്പനിക ധാരതന്നെയാണ് 'കൊച്ചിയിലെ വൃക്ഷങ്ങള്‍' മുതലിങ്ങോട്ടുള്ള കവിതകളിലെ മുഖ്യ ഉള്ളടക്കമായി പ്രവര്‍ത്തിക്കുന്നത്.പൂണൂല്‍ തെരുപ്പിടിപ്പിച്ചും കുംഭ തടവിയും ചെറുമന്റെ നിലവിളികേട്ട് സഹതാപം കൊള്ളുന്ന ഈ ഫ്യൂഡല്‍ മാനവികത കേരളത്തിലെ എല്ലാത്തരം മനുഷ്യജീവിതങ്ങളേയും സാംസ്‌കാരിക വൈവിധ്യങ്ങളേയും പ്രതിനിധാനം ചെയ്യുന്നതായി ഭാവിക്കുന്നു. ഫലത്തില്‍ ബഹുസ്വരതയെ ഉദ്‌ഘോഷിക്കുന്നു എന്നു നടിച്ചുകൊണ്ട് അതിഭാഷണത്തോളം വാചാലമാകുകയാണ് കെ ജി എസിന്റെ കവിതകള്‍. 'ആളൊഴുക്കില്‍ അതും പുതുതാവുംരൂപവും രീതിയും മാറുംപുതുകവിതപോലെ' എന്ന് ഉപരിപ്ലവമായി പ്രസ്താവിക്കുവാനല്ലാതെ കെ ജി എസ് കവിതയ്ക്ക് പഴയരൂപം വെടിഞ്ഞ് പുതുരൂപത്തിലേക്ക് വികസിക്കുവാന്‍ കഴിയുന്നില്ല. നട്ടെല്ലൊടിഞ്ഞ് നടുകുത്തിവീഴുന്ന തന്റെ കവിതയെ ബുദ്ധിപരമായ വാചാടോപംകൊണ്ട് താങ്ങിനിര്‍ത്തുവാനാണ് കെ ജി എസ് കഷ്ടപ്പെടുന്നത്.
പൗരസമൂഹത്തില്‍ ഉളവായിട്ടുള്ള മാറ്റങ്ങളെയും ആശയവിനിമയ രംഗത്ത് ഉണ്ടായിട്ടുള്ള കുതിച്ചുചാട്ടങ്ങളേയും ഇഷ്ടപ്പെടാത്ത ഭാവുകത്വമാണ് കെ ജി എസിന്റേത്. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും എന്തിന് ഒരു സ്‌ട്രോ പോലും അദ്ദേഹത്തിന് അലര്‍ജി ഉണ്ടാക്കുന്നു. കാല്‍പ്പനികമായ തിരിച്ചുപോക്കിന് മാത്രം സഹായകരമായ ഗൃഹാതുര മനോഭാവം ഫ്യൂഡല്‍ മാനവികതയുടെ സവിശേഷ ലക്ഷണമാണ്. ഒ എന്‍ വിയും കെ ജി എസും അത്യുന്നതങ്ങളില്‍ വിരാജിക്കുന്നത് പൊള്ളയും മാറ്റങ്ങള്‍ക്ക് പുറംതിരിഞ്ഞു നില്‍ക്കുന്ന ഈ ഫ്യൂഡല്‍ മാനവികത കൊണ്ടുമാത്രമാണ്. പഴയ കാലത്തെ ഉദാത്തവല്‍ക്കരിച്ചുകൊണ്ട് പുതിയ ലോകത്തെയും കാലത്തെയും ഇകഴ്ത്തിയും പുച്ഛിച്ചുമാണ് കെ ജി എസ് കവിതകള്‍ ഫ്യൂഡല്‍ മാനവികതയുടെ വിശാലമായ തടവുമുറിയില്‍ വിശ്രമിക്കുന്നത്.
2
.'പട്ടണങ്ങളില്‍ പോയിപഠിച്ച്
സ്വത്തു തന്നെ സൗന്ദര്യം എന്ന
സ്വത്വവിചാരം വിളഞ്ഞ്
മക്കള്‍ വളര്‍ന്നു.
ദില്ലിയില്‍
ബെര്‍ലിനില്‍
ഫിലാഡെല്‍ഫിയയില്‍
ഉയരെ
ഉയരെ
അവര്‍ കൂടുക്കൂട്ടി'
(പഴഞ്ചോറ്)
സ്വീകരണമുറിയില്‍
സുഹൃത്തുക്കള്‍ കൊറിച്ചവാക്കും
അയവിറക്കിയ പുകയും
യൂറോപ്പ് അമേരിക്ക
ആഫിക്ക ഏഷ്യകളായി
ജനാല കടന്ന്
തെങ്ങ് പ്ലാവ് വാഴകളുടെ
പച്ചച്ചെറുതൊടിയില്‍
കാണാഭൂതമായി
(ആധുനികതയും കാളയും - ഒരു സംവാദം)
ജീവനുള്ളവ നാള്‍ക്കുനാള്‍
ചെറുതാകും
ദിവസത്തിന്മേല്‍ പതിച്ച
സിനിമാപോസ്റ്ററാകും മനസ്സ്
വരള്‍ക്കാറ്റില്‍ വിടര്‍ന്ന
ന്യൂസ് പേപ്പറാവും ചരിത്രം
തീന്‍മേയ്‌ക്കെതിരെ വെച്ച
ടി വി സ്‌ക്രീനാവും പ്രകൃതി
'(ശംഖ്)
വിദേശങ്ങളില്‍പോയി ജോലിനേടി നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നിലനിര്‍ത്തുന്ന പ്രധാനഘടകം. ഇവരില്‍ ഭൂരിപക്ഷവും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്നവര്‍. നല്ലരീതിയില്‍ ജീവിക്കാന്‍വേണ്ടി കഷ്ടപ്പെടുന്ന ഈ മനുഷ്യര്‍ നമ്മുടെ സമൂഹത്തിന്റെ വികാസത്തിന് വലിയ സംഭാവനയാണ് ചെയ്യുന്നത്. പൗരസമൂഹത്തിന്റെ മാറ്റങ്ങള്‍ക്കു നേരെ പുറംതിരിഞ്ഞു നില്‍ക്കുകയോ അതിനുനേരെ കൊഞ്ഞനം കുത്തുകയോ ചെയ്യുന്നത് കെ ജി എസ് കവിതകളുടെ പൊതുസ്വഭാവമായി മാറുന്നുണ്ട്. നമ്മുടെ നവോത്ഥാന നായകരായ ശ്രീനാരായണനും വാഗ്ഭടാനന്ദനും കുമാരഗുരുദേവനും അയ്യങ്കാളിയും മമ്പുറം തങ്ങളുമൊക്കെ വര്‍ത്തമാനകാലത്തെ മാറ്റിത്തീര്‍ക്കുവാന്‍ യത്‌നിച്ചത് മാറ്റങ്ങളുടെ ഭാവിയെ സ്വാഗതം ചെയ്തുകൊണ്ടാണ്. എന്നാല്‍ ഭാവിയിലേക്ക് കണ്ണയക്കാതെ ഭൂതകാലത്തിന് പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെ ചാരുതനല്‍കുകയാണ് കെ ജി എസ്. ലോകമാകെ നിറഞ്ഞു നില്‍ക്കുന്ന മലയാളികളുടെ സ്വാന്നിധ്യം വൈവിധ്യമാര്‍ന്ന അനുഭൂതികളും ആവിഷ്‌കരിച്ചുകൊണ്ട് ഭാഷയെ സമ്പന്നമാക്കുമ്പോഴാണ് കെ ജി എസ് ഉപരിപ്ലവമായ വരികള്‍കൊണ്ട് വര്‍ത്തമാനകാലത്തില്‍ നിന്നും ഒളിച്ചോടുന്നത്. സ്വാതന്ത്ര്യത്തിന്റെ സാധ്യതയെ തടയുന്ന അധിനിവേശ പ്രത്യയശാസ്ത്രങ്ങളെ തുറന്നുകാട്ടുകയോ ആക്രമിക്കുകയോ ചെയ്യുന്ന പ്രതിരോധത്തിന്റെ രൂപമായി കെ ജി എസിന്റെ കവിതയെ തെറ്റിദ്ധരിക്കാനാവില്ല.
ഭാവിയിലേക്ക് കണ്ണയച്ച് വര്‍ത്തമാനകാലത്തിന്റെ മണ്ണില്‍ നിലയുറപ്പിച്ച് മനുഷ്യരുടെ പുതിയ അനുഭവങ്ങളെ തിരിച്ചറിയുന്ന സ്പര്‍ശിനിയായി കെ ജി എസ് കവിത മാറുന്നില്ല.ഒ എന്‍ വിയും കെ ജി എസും ഒക്കെച്ചേര്‍ന്ന് കയ്യടക്കിയ സാഹിത്യത്തിന്റെ അധികാര കേന്ദ്രത്തെ പേടിച്ച് ഇവരെല്ലാം ഒന്നാണെന്നും രണ്ട് കാവ്യരീതികളെ പ്രതിനിധാനം ചെയ്യുന്നതായി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നുമുള്ള വാസ്തവും ആരെങ്കിലും വിളിച്ചുപറയേണ്ടതുണ്ട്.
Subscribe to:
Posts (Atom)